പാലാ: പാചക വാതക ക്ഷാമം രൂക്ഷമായതോടെ പാലായിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നതെന്ന് ഉടമകള്‍. പാലാ നഗരത്തില്‍ അഞ്ചിലധികം ഹോട്ടലുകളുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവച്ചു. പല ഹോട്ടലുകളിലും ഉച്ചയൂണിന്റെ ലഭ്യത കുറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിലച്ചതോടെ വരും ദിനങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടേണ്ടി വരുമെന്നാണ് ഉടമകള്‍ പറയുന്നത്. മെസ് സംവിധാനം മുടങ്ങിയതിനാല്‍ ചില സ്വകാര്യ ഹോസ്റ്റലുകളില്‍ നിന്നു കുട്ടികള്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
മുത്തോലി ബ്രില്യന്റ് സ്റ്റഡി സെന്ററിലെ ഹോസ്റ്റലിലെ ആവശ്യത്തിനായി വിറക് അടുപ്പ് തയാറാക്കിയിട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ മിക്ക ഹോട്ടലുകാരും വിറകടുപ്പുകളിലേക്ക് മാറി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ കിട്ടാതായതോടെയാണ് ഹോട്ടല്‍, കാറ്ററിംഗ് മേഖലയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഒരു മാസം മുമ്പെടുത്ത ഓര്‍ഡറുകള്‍ എങ്ങനെ കൊടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് കാറ്ററിംഗ് സ്ഥാപനങ്ങള്‍. ബുക്ക് ചെയ്തവരോട് പാചക വാതകം ഇല്ലെന്ന കാരണം പറയാനാവാത്ത അവസ്ഥ. അടുത്ത മാസത്തേക്കുള്ള വിവാഹപാര്‍ട്ടി ഓര്‍ഡറുകള്‍ ഉറപ്പിക്കുന്നതിന് കാറ്ററിംഗ് മേഖലയില്‍ ആശങ്കയുണ്ടെന്ന് ഉടമകള്‍ പറയുന്നു.
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകം ബുക്ക് ചെയ്യുന്നതിനും തിരക്കാണ് അനുഭവപ്പെടുന്നത്. ബുക്കിംഗ് ഓഫീസുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ കാണപ്പെടുന്നു. പാചക വാതകം വാങ്ങാന്‍ ഏജന്‍സി ഓഫീസുകളുടെ മുന്നില്‍ പൊരിവെയിലത്തു പോലും ആളുകള്‍ കാത്തുനില്‍ക്കുന്നത് കാണാം. പാചക വാതകം ബുക്ക് ചെയ്യുമ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഇപ്പോള്‍ ഒടിപി ലഭിക്കാത്തത് ആളുകളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പാചക വാതകം ബുക്ക് ചെയ്തവരില്‍ ഇപ്പോള്‍ വീടുകളില്‍ എത്തിച്ചു നല്കാന് സാധിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഒടിപി മൂലമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് പാചകഗ്യാസ് വിതരണം സാധാരണ നിലയിലാക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.